ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Wednesday 31 October 2012

' വരല്ലേ ഈ വഴിയേ '

ലഹരിവിരുദ്ധ സന്ദേശവുമായി ഡയറ്റ് കാമ്പസില്‍ എത്തിയ എക്സൈസ് സംഘം അക്ഷരാര്‍ഥത്തില്‍ അധ്യാപകവിദ്യാര്‍ഥികളെ കൈയിലെടുത്തു. കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച്  ' വരല്ലേ ഈ വഴിയേ ' എന്ന നാടകം അവതരിപ്പിച്ചുവരുന്ന കലാകാരസംഘമാണ് ഡയറ്റില്‍ കഴിഞ്ഞയാഴ്ച എത്തിച്ചേര്‍ന്നത്. ലഹരിക്കടിപ്പെടുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയായി നാടകം മാറിയപ്പോള്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട് എന്ന തിരിച്ചറിവിലേക്കാണ് അധ്യാപകവിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നത്.

എക്സൈസ് ജീവനക്കാരായ പി.സി.പ്രഭുനാഥ്, എന്‍.ടി.ധൃവന്‍, സി.വി.ദിലീപ്, കെ.ഉത്തമന്‍, ബി.നസീര്‍, പി.വി.സുലൈമാന്‍, എം.വി.ഇബ്രാഹിംകുട്ടി എന്നിവര്‍ അരങ്ങിലും സിജിന്‍, പുരുഷോത്തമന്‍ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.

 

മായിപ്പാടി ഡയറ്റിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് കാമ്പസില്‍ നാടകാവതരണം നടന്നത്. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. വിജയന്‍ ചാലോട്, ഡോ. പി.രാജന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രന്‍ സ്വാഗതവും എം.എസ്.മറിയാമത്ത് മഷൂദ് നന്ദിയും പറഞ്ഞു. എന്‍.എസ്.എസ്. യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഡോ.രഘുറാം ഭട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.





Sunday 28 October 2012

കേരളപ്പിറവിദിനം

വീണ്ടും ഒരു കേരളപ്പിറവിദിനം വന്നെത്തിയിരിക്കുന്നു.
മേളകളുടെയും കലോത്സവങ്ങളുടെയും തിരക്കില്‍ ഈ ദിനം മുങ്ങിപ്പോകാതിരിക്കട്ടെ.
ഒരുകാലത്ത് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഒരു ദേശത്തെ ജനതയെ ഭാഷയുടെ ചരടുകൊണ്ട് ബന്ധിപ്പിക്കപ്പെട്ടത് 1956 നവമ്പര്‍ 1 ന് ആണ്.
തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ ചില പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടത്. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കര്‍ക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ക്കോടു താലൂക്കും ചേര്‍ത്താണ് കേരള സംസ്ഥാനത്തിന് രൂപം കൊടുത്തത്.
സംസ്ഥാനത്തിന്റെ തലവനായി  ബി. രാമകൃഷ്‌ണറാവു ആദ്യ ഗവര്‍ണറായി ചുമതലയേറ്റു. തിരുവിതാംകൂര്‍ - കൊച്ചിയില്‍ പ്രസിഡന്റ്‌ ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു. ആദ്യ ചീഫ്‌ സെക്രട്ടറി എന്‍. ഇ. എസ്‌. രാഘവാചാരിയും ആദ്യ പോലീസ്‌ ഐ ജി, എന്‍. ചന്ദ്രശേഖരന്‍നായരും ആയിരുന്നു. കേരള സംസ്ഥാനത്തിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ചരിത്രത്തിന്റെ ഭാഗമായ ഇത്തരം കാര്യങ്ങളും കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ മറ്റനേകം വശങ്ങളും  കുട്ടികളിലെത്തിക്കാന്‍ ഈ വേളയില്‍ നമുക്കു ശ്രമിക്കാം. ആഗോളവത്കരണത്തിന്റെ കുത്തൊഴുക്കില്‍ പ്രാദേശികഭാഷകള്‍ നിലനില്‍പിനായി പാടുപെടുന്ന ഈ സന്ദര്‍ഭത്തില്‍ സ്വന്തം ഭാഷയെ നിലനിര്‍ത്താനും വളര്‍ത്താനുമുള്ള ശ്രമമാണ് ലോകമാകെ നടക്കുന്നത്.
മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളിലാണ് നമ്മുടെ സര്‍ക്കാരും സാംസ്കാരികനായകന്മാരും ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ശ്രമത്തില്‍ നമുക്ക് വിജയിക്കാനാവുമെന്ന് പ്രത്യാശിക്കാം. മലയാളഭാഷ പലവിധത്തിലുമുള്ള വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണിത്. എല്ലാ മലയാളികളും മലയാളം പഠിക്കുകയും ഒപ്പം മറ്റു ഭാഷകളെ അറിവുനേടാനും മറ്റുമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു സമീപനമാണ് വേണ്ടത്. കന്നട, തമിഴ് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അതത് ഭാഷകളും സംസ്കാരവും സംരക്ഷിക്കാനും വളര്‍ത്താനുമുള്ള സന്ദര്‍ഭവും ലഭിക്കേണ്ടതുണ്ട്.
അതുകൊണ്ട് ഉത്സവങ്ങളുടെയും മേളകളുടെയും  തിരക്കിലും ഭാഷയെ ഓര്‍ക്കാനും ശക്തിപ്പെടുത്താനും കിട്ടുന്ന ഈ അവസരത്തെ പ്രയോജനപ്പെടുത്താന്‍ ഓരോ കേരളീയനും പരിശ്രമിക്കുമെന്നു പ്രത്യാശിക്കാം.
മലയാളഭാഷയുടെ മഹിമ ലോകമൊട്ടുക്കുമെത്തിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവത്തിന് ഒക്റ്റോബര്‍ 30 ന് തിരിതെളിയുകയാണ്. ആഫ്രിക്കന്‍ നോവലിസ്റ്റും ബുക്കര്‍ പ്രൈസ് ജേതാവുമായ ബെന്‍ ഒക്രി ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ഭാഷകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നല്ല ബോധ്യമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സമ്മേളനത്തിന്റെ മഹത്വം വര്‍ധിപ്പിക്കും.

Saturday 27 October 2012

യു.എന്‍.ക്വിസ് - ഫലപ്രഖ്യാപനം

യു.എന്‍ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. സഹകരിച്ചവര്‍ക്കെല്ലാം ഡയറ്റിന്റെ നന്ദി രേഖപ്പെടുത്തുന്നു. വാശിയേറിയ മത്സരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും  ശരിയുത്തരങ്ങള്‍ നല്‍കിയത് ഒരാള്‍ മാത്രം . സ്കൂള്‍ അധ്യാപകന്‍ കൂടിയായ 
ശ്രീ. എ. ശ്രീകുമാര്‍ ആണ് വിജയി. അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍ !
ശരിയുത്തരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday 16 October 2012

യു.എന്‍.ക്വിസില്‍ പങ്കെടുക്കാം


ഒക്റ്റോബര്‍ 24 യു.എന്‍.ദിനമാണല്ലോ. ദിനാചരണവുമായി ബന്ധപ്പെട്ട് പല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന് ഇതിന്റെ നേതൃത്വം ഏറ്റെടുക്കാം. ഈ സന്ദര്‍ഭത്തില്‍ ഏവര്‍ക്കും (വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍)പങ്കെടുക്കാവുന്ന ഒരു ക്വിസ് മത്സരം ഒരുക്കുന്നു.
മുഴുവന്‍ ഉത്തരങ്ങളും ശരിയാക്കുന്ന എല്ലാവരുടെയും പേരുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
ഒരാള്‍ ഒരു പ്രാവശ്യമേ പങ്കെടുക്കാവൂ. താഴെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്വിസ് ചോദ്യങ്ങളടങ്ങിയ പേജില്‍ എത്താനാവും. ആദ്യം പേരും വിലാസവും നല്‍കണം. തുടര്‍ന്ന്  ഓരോ ചോദ്യത്തോടൊപ്പവുമുള്ള ഉത്തരങ്ങളില്‍ നിന്ന് ശരിയായ ഉത്തരം കണ്ടെത്തണം. ശരിയായ ഉത്തരത്തോടൊപ്പമുള്ള വൃത്തത്തില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. ഒടുവില്‍ കീഴേയുള്ള submit ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരം രേഖപ്പെടുത്തപ്പെടും.
  • കൃത്യമായ വിലാസം നല്‍കുന്നവരുടെ ഉത്തരമേ പരിഗണിക്കൂ
  • 2012 ഒക്റ്റോബര്‍ 24 വരെയാണ് സമയപരിധി
വേഗമാകട്ടേ. എവിടെ നിന്നും ആരില്‍ നിന്നും ഉത്തരം തേടാം. പഠിക്കാനും പ്രകടിപ്പിക്കാനുമുള്ള ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തൂ.
വിജയാശംസകള്‍ !
ചോദ്യാവലി

Monday 15 October 2012

കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയായി

ഡയറ്റിലെ ഒന്നാം വര്‍ഷ ടി.ടി.സി. (മലയാളം ബാച്ച് ) വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയായി. ഇന്റര്‍നെറ്റ്, ഇ-മെയില്‍, സൗണ്ട് എഡിറ്റിങ്ങ് , ബ്ലോഗ് സര്‍ച്ചിങ്ങ്, വീഡിയോ ഡൗണ്‍ലോഡിങ്ങ്, വീഡിയോ കണ്‍വേര്‍ട്ടിങ്ങ് തുടങ്ങിയവയിലായിരുന്നു ഈ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജന്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി.വി.പുരുഷോത്തമന്‍, സുരേഷ് കൊക്കോട് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.








Sunday 14 October 2012

' സ്നേഹസ്പര്‍ശം 2012 ' പദ്ധതി


'നേരിട്ട് ജനങ്ങളിലേക്ക്' എന്ന സന്ദേശമുയര്‍ത്തി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് 'സ്‌നേഹസ്പര്‍ശം 2012'. ഓരോ മാസവും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കി അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി കത്തുകള്‍ അയയ്ക്കുന്ന രീതിയിലാണ് സ്‌നേഹസ്പര്‍ശം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 'കാത്ത് സൂക്ഷിക്കുക; കണ്‍മണികളെ' എന്ന പേരിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ രണ്ടാമത്തെ കത്ത് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.  വിദ്യാര്‍ത്ഥികളുടെ ധാര്‍മിക ജീവിതവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് 'മോറല്‍ ഗ്രൂപ്പി'ന് രൂപം നല്‍കുകയും പി ടി എ പ്രസിഡന്റുമാര്‍ക്കും സ്‌കൂള്‍ ലീഡര്‍മാര്‍ക്കും പ്രത്യേക പരിശീലനം ലഭ്യമാക്കുകയും ചെയ്യും. സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി അടുത്തമാസം പ്രസ്തുത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. സംസ്ഥാനത്തെ 14,000 പ്രസിഡന്റുമാര്‍ക്ക് ഈ മാസത്തെ സ്‌നേഹസ്പര്‍ശം കത്ത് ഹെഡ്മാസ്റ്റര്‍മാര്‍ കൈമാറും.
അധ്യാപക-രക്ഷാകര്‍തൃസമിതികള്‍ക്കായി മുഖപത്രം പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ച് 'രക്ഷകര്‍ത്താവ്' എന്ന പേരില്‍ മാസിക പ്രസിദ്ധപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാസിക എല്ലാ സ്‌കുളുകളിലും ലഭ്യമാക്കും. പദ്ധതിയില്‍ ഇതിനകം ആയിരക്കണക്കിന് രക്ഷകര്‍ത്താക്കള്‍ പങ്കാളികളായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
(അവലംബം : വീക്ഷണം ദിനപത്രം 2012 ഒക്റ്റോബര്‍ 14 )
 

Saturday 13 October 2012

അയ്യങ്കാളി - നൂറ്റമ്പതാം ജന്മവാര്‍ഷികം

കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി നടന്ന സാമുദായിക പരിഷ്കരണത്തിന്റെ പതാകവാഹകരില്‍ പ്രമുഖനാണ് അയ്യങ്കാളി. 1863 ആഗസ്റ്റ്  28 ല്‍ ജനിച്ച അയ്യങ്കാളിയുടെ നൂറ്റമ്പതാം ജന്മവര്‍ഷത്തിലൂടെയുമാണ് പ്രബുദ്ധകേരളം ഇപ്പോള്‍ കടന്നുപോകുന്നത്.
പുലയസമുദായത്തില്‍ ജനിച്ച അയ്യങ്കാളി അടിമജീവിതം നയിക്കുകയായിരുന്ന സ്വസമുദായത്തെ ആത്മാഭിമാനമുള്ളവരും സമരസന്നദ്ധരുമാക്കി മാറ്റി. അവരെ അടിമച്ചങ്ങലയില്‍ നിന്നും വിമോചിപ്പിക്കാന്‍ സ്വജീവിതം ഉഴിഞ്ഞുവെച്ചു. ചോരപ്പുഴയില്‍ മുങ്ങിയ ഒട്ടേറെ സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം നല്‍കി.
തിരുവനന്തപുരത്തെ വെങ്ങാന്നൂരില്‍ അയ്യന്റെയും മാലയുടെയും മകനായാണ് ജനിച്ചത്.  കാളി എന്നായിരുന്നു ശരിയായ പേര്. അയ്യന്റെ മകനായതിനാലാണ് അയ്യങ്കാളി എന്ന പേര് വന്നത്. ചെറുപ്പത്തില്‍ തന്നെ കായികാഭ്യാസം പരിശീലിച്ചു.
അക്കാലത്ത് കേരളത്തിലെ പുലയസമുദായം അടിമതുല്യമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ജന്മിമാരുടെ പാടത്ത് രാപ്പകല്‍ വിയര്‍പ്പൊഴുക്കിയ ആ സാധുക്കള്‍ക്ക് മണ്ണില്‍ കുഴികുത്തി അതിലുള്ള കുഴിയിലാണ് ഭക്ഷണമായി വല്ലതും കൊടുത്തിരുന്നത്. വഴിനടക്കാനോ മാറുമറക്കാനോ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. 
ഇതെല്ലാം തിരിച്ചറിഞ്ഞ അയ്യങ്കാളി 'ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട് ' എന്ന്  പ്രഖ്യാപിച്ചു. സ്വതന്ത്രമായി വഴിനടക്കാന്‍, മാന്യമായി വസ്ത്രം ധരിക്കാന്‍, നല്ല ഭക്ഷണം കഴിക്കാന്‍, വിദ്യ അഭ്യസിക്കാന്‍, മനുഷ്യരെപ്പോലെ ജീവിക്കാന്‍ നമുക്കും അവകാശമുണ്ടെന്ന് അധ:കൃതസമൂഹത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
1893 ല്‍ ധീരനായ അയ്യങ്കാളി തലയിലൊരു വട്ടക്കെട്ടും അരക്കയ്യന്‍ കുപ്പായവും ധരിച്ച് വെളുത്ത കാളകളെ പൂട്ടിയ ഒരു വില്ലുവണ്ടിയില്‍ ഊരുചുറ്റിക്കൊണ്ട് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രമാണിസങ്കല്‍പത്തെ പരസ്യമായി വെല്ലുവിളിച്ചു. ഇത് അവര്‍ണസമുദായാംഗങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം പകര്‍ന്നു.
ആദ്യകാലത്ത് അദ്ദേഹത്തിന്റെ സമരം ഒറ്റക്കായിരുന്നു. പിന്നീട് ഒട്ടേറെ അവര്‍ണയുവാക്കള്‍ ആ സമരത്തില്‍ അണിചേര്‍ന്നു. സംഘശക്തിയും കായികബലവുമായിരുന്നു അവരുടെ ആയുധം. സ്വാഭാവികമായും സവര്‍ണപ്രമാണികള്‍ കടന്നാക്രമണവുമായി  രംഗത്തെത്തി.
1898 ല്‍ ആറാലുംമൂടില്‍ നിന്ന് ബാലരാമപുരം ചാലിയത്തെരുവിലൂടെ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി ഒരു യാത്ര നയിച്ചു. കടന്നാക്രമണങ്ങള്‍ പലതും ഉണ്ടായെങ്കിലും ആ ധൈര്യശാലി അതിനെയെല്ലാം ധീരമായി നേരിട്ടു. ഇതില്‍ പ്രചോദിതരായ അധ:കൃതര്‍ പല സ്ഥലങ്ങളിലും നാട്ടുനടപ്പുകളെ വെല്ലുവിളിച്ചു. 
1904 ല്‍ കേരളത്തില്‍ ആദ്യമായി അധ:കൃതര്‍ക്കായി വെങ്ങാന്നൂരില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തതും അയ്യങ്കാളി തന്നെയായിരുന്നു.
1905 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 'സാധുജനപരിപാലനസംഘം ' രൂപീകരിച്ചു. ആ സംഘത്തിന്റെ നേതൃത്വത്തില്‍ അവര്‍ണരുടെ അവകാശങ്ങള്‍ക്കായുള്ള ഒട്ടേറെ പോരാട്ടങ്ങള്‍ നടന്നു. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസാവകാശം എന്നിവയ്ക്കൊപ്പം മാറുമറക്കാനും വസ്ത്രം ധരിക്കാനും ജോലിക്ക് സ്ഥിരം കൂലിനേടാനും ഞായറാഴ്ചത്തെ വിശ്രമാവധിക്കായും അവര്‍ പോരാടി. സാധുജന പരിപാലന സംഘത്തിന്റെ സംഘടിതമായ പ്രവര്‍ത്തനം കൊണ്ട് 1907 ജൂണില്‍ അയിത്തവിഭാഗക്കാര്‍ക്കു സ്‌കൂള്‍ പ്രവേശനം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്നാല്‍, ജാതിമേധാവികള്‍ ഉത്തരവിനെതിരേ ശക്തമായി നിലകൊണ്ടു. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്‌കൂള്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതി കുറേക്കാലം നിലനിന്നു.
1911 ല്‍ അദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഹരിജനബാലന്മാര്‍ക്ക് മറ്റു കുട്ടികള്‍ക്കൊപ്പം പഠിക്കാനുള്ള അവകാശം, സൗജന്യമായ ഉച്ചഭക്ഷണം, സൗജന്യമായ നിയമസഹായം എന്നിവയ്ക്കായി സഭയില്‍ അദ്ദേഹം ശബ്ദിച്ചു.
സ്‌കൂള്‍പ്രവേശനത്തിനു വേണ്ടി നടന്ന സമരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് 1913 ജൂണ്‍ മുതല്‍ 1914 മെയ് മാസം വരെ നീണ്ടുനിന്ന കര്‍ഷകത്തൊഴിലാളി പണിമുടക്കായിരുന്നു. ഒരു വര്‍ഷം തിരുവിതാംകൂറിലെ വയലേലകള്‍ തരിശായിക്കിടന്നു. അയ്യങ്കാളിയുടെ ആജ്ഞാശക്തിയാല്‍ ഒരു അധഃസ്ഥിതനും പാടത്തു പണിക്കിറങ്ങിയില്ല. കൃഷിഭൂമി നിറയെ പുല്ലു മൂടിയപ്പോള്‍ സവര്‍ണര്‍ ചര്‍ച്ചയ്ക്കു തയ്യാറായി. തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്നു പിന്തിരിയുകയുള്ളൂവെന്ന അയ്യങ്കാളിയുടെയും കൂട്ടരുടെയും തീരുമാനം ഒടുവിലി‍ അംഗീകരിക്കപ്പെട്ടു. അങ്ങനെ തിരുവിതാംകൂറിലെ ആദ്യത്തെ കര്‍ഷകസമരത്തിനു നേതൃത്വം കൊടുത്ത ആളായിക്കൂടി അയ്യങ്കാളി ചരിത്രത്തില്‍ സ്ഥാനം നേടി.
അയ്യങ്കാളിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അധ:കൃതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറുമറക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം 'കല്ലുമാലസമരം ' എന്ന പേരില്‍ പ്രസിദ്ധമായി.
ക്ഷേത്രപ്രവേശനവിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ ഗാന്ധിജി വെങ്ങാന്നൂരില്‍ ചെന്ന് അയ്യങ്കാളിയെ സന്ദര്‍ശിക്കുകയുണ്ടായി.
ആ ധീരനായ നവോത്ഥാനനായകന്‍ 1941 ജൂണ്‍ 18 നു മരണത്തിനു കീഴടങ്ങി.
ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും അയിത്തവും തൊട്ടുകൂടായ്മയും ഇളവില്ലാതെ തുടര്‍ന്നപ്പോഴും കേരളം അതിന്റെ ചങ്ങലക്കെട്ടുകളെ തകര്‍ക്കുന്നതില്‍ ക്രമേണ വിജയം കണ്ടു. കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തതില്‍ അയ്യങ്കാളി വഹിച്ച പങ്ക് അവിസ്മരണീയമാണ്. അതുകൊണ്ടാണ് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളിയുടെ ചരിത്രപരമായ  പ്രാധാന്യം തിരിച്ചറിയാനുള്ള സന്ദര്‍ഭമായി ഈ വര്‍ഷത്തെ കാണണമെന്ന് നാം ആഗ്രഹിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
 അയ്യങ്കാളി
 കല്ലുമാലസമരം
 മഹാത്മ അയ്യങ്കാളി ; ഇതിഹാസ തുല്യനായ വിപ്ലവ നായകന്‍



Thursday 11 October 2012

എസ്.എസ്.എല്‍.സി. ക്ലാസ് ടെസ്റ്റ് ചോദ്യങ്ങള്‍

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്.എസ്.എല്‍.സി. റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ ആരംഭിച്ചിട്ടുള്ള മികവ് - 2012-13 ന്റെ ഭാഗമായി നടക്കുന്ന ക്ലാസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ പരീക്ഷയ്ക്കുള്ള ക്വസ്റ്റ്യന്‍ പൂള്‍ തയ്യാറായിരിക്കുന്നു. ഈ ചോദ്യാവലിയില്‍ നിന്നുമുള്ള ചോദ്യങ്ങളില്‍ നിന്ന് ഉചിതമായവ തെരഞ്ഞെടുത്താണ് പരീക്ഷ നടത്തേണ്ടത്. 
ചോദ്യങ്ങള്‍ക്ക് മുകളിലുള്ള "ക്ലാസ് ടെസ്റ്റ് " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

    കലോത്സവത്തിനു തിരിതെളിഞ്ഞു


    സ്വാഗതം-സന്തോഷ് സക്കറിയ
    ഡയറ്റ് ലാബ് സ്കൂളിന്റെ ഈ വര്‍ഷത്തെ ബാലകലോത്സവത്തിന് തുടക്കമായി. വാര്‍ഡ് മെമ്പര്‍ സിന്ധു, ഒ.എന്‍.വി.കുറുപ്പിന്റെ ' മോഹം ' എന്ന കവിത ആലപിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് മുഹമ്മദ് മായിപ്പാടി അധ്യക്ഷനായിരുന്നു.
    പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ എ.മധുസൂദനന്‍, എം.പി.ടി.എ.മെമ്പര്‍ ശൈലജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലാബ് സ്കൂള്‍ അധ്യാപകന്‍ സന്തോഷ് സക്കറിയ സ്വാഗതവും രവീന്ദ്രറായ് നന്ദിയും പറഞ്ഞു.

    അധ്യക്ഷത-മുഹമ്മദ് മായിപ്പാടി
    ഉദ്ഘാടനം-വാര്‍ഡ് മെമ്പര്‍ സിന്ധു
    ആശംസ-സി.എം.ബാലകൃഷ്ണന്‍

    11,12 തീയതികളിലായി നടക്കുന്ന മേളയില്‍ സ്കൂളിലെ 264 കുട്ടികള്‍ വിവിധ ഹൗസുകളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നു. ഗണിതശാസ്ത്ര വര്‍ഷത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഭാരതീയഗണിതശാസ്ത്രജ്ഞരായ രാമാനുജന്‍, ആര്യഭടന്‍, ഭാസ്കരന്‍, ബ്രഹ്മഗുപ്തന്‍ എന്നിവരുടെ പേരുകളിലാണ് ഹൗസുകള്‍ രൂപീകരിച്ചത്. ആവേശകരമായ മേളയില്‍ എല്‍.പി, യു.പി. വിഭാഗങ്ങളിലായി 75 ഇനങ്ങളിലാണ് മത്സരം നടന്നത്.
    ഷൈലജ
    എ.മധുസൂദനന്‍
    രവീന്ദ്രറായ്
    നിറഞ്ഞ സദസ്സ്



                





    Tuesday 9 October 2012

    ശുചിത്വസന്ദേശവുമായി ഗാന്ധിജയന്തി വാരാഘോഷം

    ഗാന്ധിജയന്തി ദിനത്തില്‍ ലാബ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കു‌ട്ടികള്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 'വൃത്തിയുള്ള സ്കൂളും ശുചിത്വമുള്ള നാടും' ഏന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ലാബ് സ്കൂളിലെ കുട്ടികള്‍ മായിപ്പാടി ടൗണ്‍ ശുചീകരിച്ചു. ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിച്ചു. യു.പി.ക്ലാസിലെ കുട്ടികള്‍ സമീപപ്രദേശത്തെ വീടുകളില്‍ ശുചിത്വസര്‍വേ നടത്തി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ എ.മധുസൂദനന്‍, ലാബ്സ്കൂള്‍ അധ്യാപകരായ വി.പി.അനില്‍ കുമാര്‍, പി.അബ്ദുള്‍ നാസര്‍, എ. ശ്രീകുമാര്‍, അശ്വതി, റീത്ത തുടങ്ങിയവര്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കി.


    Friday 5 October 2012

    ഗാന്ധിയന്‍ വിദ്യാഭ്യാസചിന്തകള്‍

    കഴിഞ്ഞ രണ്ടാഴ്ചക്കാലം ഗാന്ധിജിയുടെ വിദ്യാഭ്യാസചിന്തകളിലൂടെ നാം കടന്നു പോവുകയായിരുന്നു. ചിന്തയുടെയും പ്രയോഗത്തിന്റെയും രംഗത്ത് തീര്‍ത്തും നൂതനമായ ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് അത്ഭുതാദരങ്ങളോടെ നാം അറിയുകയായിരുന്നു.

    ജ്ഞാനനിര്‍മിതിവാദമാണ് ഏറ്റവും പുതിയ വിദ്യാഭ്യാസസമീപനമെങ്കില്‍ ഗാന്ധിജി തികഞ്ഞ ജ്ഞാനനിര്‍മിതിവാദിയായിരുന്നു. എന്തുകൊണ്ടെന്നാല്‍  കുട്ടികളുടെ തലയില്‍ അനാവശ്യമായ വിവരങ്ങള്‍ കുത്തിനിറക്കുന്നതിനെ അദ്ദേഹം അങ്ങേയറ്റം വിമര്‍ശിച്ചു.
    പ്രായോഗികവാദമാണ് ഏറ്റവും ഫലപ്രദമായ വിദ്യാഭ്യാസ കാഴ്ചപ്പാടെങ്കില്‍ തൊഴില്‍ ചെയ്തുകൊണ്ട് പഠിക്കാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജിയായിരുന്നു നാം അറിയുന്ന ഏറ്റവും വലിയ പ്രായോഗികവാദി.
    ഉദ്ഗ്രഥിതമായ വിദ്യാഭ്യാസ സമീപനമാണ് ഏതുരംഗത്തും വേണ്ടതെന്ന ശരിയായ വിദ്യാഭ്യാസസമീപനത്തെ കുറിച്ചാണ് നാം വാദിക്കുന്നതെങ്കില്‍, കൈത്തൊഴിലിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആ വിദ്യാഭ്യാസ സമീപനത്തെ ആര്‍ക്കാണ് മാറ്റിവെക്കാനാവുക ?
    മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാണ് സൈദ്ധാന്തികലോകം ശരിവെക്കുന്നതെങ്കില്‍ സംശയിക്കേണ്ട, ഗാന്ധിജി എക്കാലവും പറഞ്ഞത് മറ്റൊന്നായിരുന്നില്ല.

    പാഠപുസ്തകത്തെ അമിതമായി ആശ്രയിക്കുന്നതിനെ എതിര്‍ക്കുന്നതില്‍, പരിസരത്തുനിന്നും പഠിക്കേണ്ടതിനെ കുറിച്ച് ഉത്ബോധിപ്പിക്കുന്നതില്‍, വിദ്യാഭ്യാസം സ്വാശ്രയത്വത്തില്‍ അധിഷ്ഠിതമാകേണ്ടതിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നതില്‍  ഒക്കെ ഗാന്ധിജി പ്രദര്‍ശിപ്പിച്ച ക്രാന്തദര്‍ശിത്വം ലോകം തികഞ്ഞ മതിപ്പോടെയാകും വരും നാളുകളില്‍ വിലയിരുത്തുക.

     "ഗാന്ധിമാര്‍ഗം"  എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ മൊഴികള്‍ എല്ലാ ദിവസവും വായിക്കാന്‍ കഴിയാതെ പോയവര്‍ക്കായി അവ മുഴുവനായും ഇവിടെ എടുത്തുചേര്‍ക്കുന്നു.
    ആ വാക്കുകള്‍ നമുക്ക് എന്നെന്നും വഴികാട്ടട്ടെ !



     
    " ശരിയായ വിദ്യാഭ്യാസം വിദ്യയഭ്യസിക്കേണ്ട ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമുള്ള ഏറ്റവും നല്ല കഴിവുകള്‍ പുറത്തുകൊണ്ടുവരലാണ്.ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ തലയില്‍ കൂമ്പാരം കൂട്ടിയതുകൊണ്ടിതു സാധ്യമാവുകകയില്ല. അവരുടെ എല്ലാ വ്യക്തിത്വങ്ങളെയും ഞെക്കിഞെരുക്കി അവരെ വെറും യന്ത്രങ്ങളാക്കുന്ന ഒരു മഹാഭാരമാണത്."
    - Harijan, 01.12.1933

    എനിക്കു സ്വന്തം മാര്‍ഗം അവലംബിക്കുവാന്‍ അനുമതി ലഭിക്കുകയാണെങ്കില്‍, ഞാന്‍ ഇന്നത്തെ പാഠപുസ്തകങ്ങള്‍ നശിപ്പിക്കുകയും, ഒരു വിദ്യാര്‍ഥിക്ക് അയാളുടെ തൊട്ടടുത്ത ചുറ്റുപാടുകളുമായി ഇടപെട്ടുജീവിക്കാന്‍ പറ്റുന്ന തരത്തില്‍ ഗാര്‍ഹികജീവിതവുമായി ബന്ധവും യോജിപ്പും ഉള്ള പാഠപുസ്തകങ്ങള്‍ എഴുതിക്കുകയും ചെയ്യും.”
    - Young India, 01.09.1921

    പാഠപുസ്തകങ്ങളില്‍ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ഒന്നും പ്രദാനം ചെയ്യുന്നില്ല. അയാള്‍തന്നെ പാഠപുസ്തകങ്ങളുടെ അടിമയാവുകയാണ്. ”
    - Harijan, 09.09.1929

    തങ്ങള്‍ക്ക് ചുമക്കാന്‍ പ്രയാസമായത്ര പുസ്തകങ്ങളും പേറി ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്നതു കാണുക ഒരു ദയനീയമായ കാഴ്ചയാണ്. ഈ സമ്പ്രദായമാകെ അടിമുടി പുന:പരിശോധന ചെയ്യണം.”
    - Harijan, 09.09.1929 

    മോചനമരുളുന്നതെന്തോ അതാണ് വിദ്യാഭ്യാസം എന്ന ആപ്തവാക്യം പണ്ടെന്നപോലെ ഇന്നും പ്രസക്തമാണ്. വിദ്യാഭ്യാസമെന്നതിന് ഇവിടെ ആത്മീയവിദ്യാഭ്യാസമെന്നോ മോചനമെന്നതിന് മരണാനന്തരമുള്ള ആത്മീയമുക്തിയെന്നോ കണക്കാക്കേണ്ടതില്ല....മോചനമെന്നതിന് ഇന്നത്തെ ജീവതത്തിലേതുള്‍പ്പെടെ എല്ലാതരം ദാസ്യത്തില്‍നിന്നുമുള്ള മോചനമെന്നര്‍ഥമാണ്.”
     - Harijan, 10.03.1946

    "സ്വന്തം മാതൃഭാഷ മറക്കുകയോ മാതൃഭാഷാപഠനത്തില്‍ ഉപേക്ഷ കാണിക്കുകയോ , സ്വന്തം ഭാഷയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുകയോ ചെയ്യുന്ന ഒരു ഇന്ത്യക്കാരന്‍ പോലും ഉണ്ടാകരുതെന്ന് എനിക്കഭിപ്രായമുണ്ട്.”
    -Young India, 1.6.19211

    "ഇന്ത്യക്ക് സൗജന്യനിര്‍ബന്ധിത പ്രാഥമികവിദ്യാഭ്യാസം വേണമെന്ന തത്ത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഉപയോഗപ്രദമായ ഒരു തൊഴില്‍ കുട്ടികളെ അഭ്യസിപ്പിക്കികയും അവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതുവഴി മാത്രമേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയൂ എന്നും എനിക്കഭിപ്രായമുണ്ട്.”
    -Harijan, 09.10.1937

    നമ്മള്‍ ഇന്നേവരെ കുട്ടികളുടെ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുവാനും വികസിപ്പിക്കുവാനും നോക്കാതെ, സകലവിധ വസ്തുവിവരങ്ങളും അവരുടെ മനസ്സില്‍ കുത്തിനിറക്കാനാണ് ശ്രദ്ധിച്ചിട്ടുള്ളത്.”
    -Harijan, 19.09.1937

    എഴുത്ത് ഒരു സുന്ദരകലയാണെന്ന് ഞാന്‍ വിചാരിക്കുന്നു. അക്ഷരമാല പിഞ്ചുകുഞ്ഞുങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചും അതു വിദ്യയുടെ ആദ്യപാഠമാക്കിയും നാമതിനെ നിഹനിക്കുകയാണ്. അങ്ങനെ നാം സമയമാകുന്നതിനു മുമ്പ് അക്ഷരമാല പഠിപ്പിക്കാന്‍ നോക്കി, കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും എഴുത്ത് എന്ന കലാവിദ്യയെ ഹിംസിക്കുകയുമാണ്.”
    -Harijan, 05.06.1937

    എനിക്ക് ഒരു സ്വേച്ഛാധിപതിയുടെ അധികാരങ്ങളുണ്ടായിരുന്നുവെങ്കില്‍, ഒരു വിദേശഭാഷയിലൂടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പഠിപ്പിക്കുന്നത് ഇന്നുതന്നെ നിര്‍ത്തലാക്കും.”
    -Young India, 01.09 1921

    നാട്ടിലെ ഓരോ വീടും ഓരോ വിദ്യാലയമാണ്; മാതാപിതാക്കള്‍ അധ്യാപകരും.”
    -To the students, p-48

    ഓരോ അധ്യാപകനും തന്റെ വിദ്യാര്‍ഥികളോടു തികച്ചും നീതി പുലര്‍ത്തണമെങ്കില്‍ അയാള്‍ക്കു കൈയെത്താവുന്ന വസ്തുക്കളില്‍നിന്ന് ദൈനംദിന പാഠങ്ങള്‍ തയ്യാറാക്കേണ്ടിവരും. അതും അയാള്‍ക്ക് തന്റെ ക്ലാസിന്റെ പ്രത്യേകാവശ്യങ്ങള്‍ക്കനുസരിച്ച് പാകപ്പെടുത്തേണ്ടിവരും.” 
    -Harijan, 01.12.1933

    എല്ലാ വിദ്യാഭ്യാസത്തിന്റെയും പ്രാഥമികലക്ഷ്യം വിദ്യാര്‍ഥികളുടെ സ്വഭാവരൂപീകരണമാണ്, ആകണം"
    -Harijan, 01.12.1933

    സ്വഭാവം കല്ലും മണ്ണും കൊണ്ട് പടുത്തയര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. പ്രിന്‍സിപ്പല്‍മാര്‍ക്കോ പ്രൊഫസര്‍മാര്‍ക്കോ പുസ്തകങ്ങളുടെ താളുകളില്‍നിന്ന് നിങ്ങള്‍ക്കത് ചീന്തിത്തരുവാന്‍ കഴിയുകയില്ല. സ്വഭാവരൂപീകരണം അവരവരുടെ ജീവിതത്തില്‍നിന്നുതന്നെ ഉണ്ടായിവരണം. സത്യം പറഞ്ഞാല്‍ അത് നിങ്ങളില്‍ നിന്നുതന്നെ ഉണ്ടായിവരണം.”
    -To the Students, pp.114-115

    അറിവുണ്ടാകണമെങ്കില്‍ സ്കൂളിലോ കോളേജിലോ പോകണമെന്നു വിചാരിക്കുന്നത് ഒരു കടന്ന അന്ധവിശ്വാസമാണ്. സ്കൂളുകളോ കോളേജുകളോ നടപ്പിലാകുന്നതിനു മുമ്പുതന്നെ ലോകം പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ സൃഷ്ടിച്ചിട്ടുണ്ട്.”
    -Young India, 25.06.1921

    നിലവിലുള്ള അനേകം കൈത്തൊഴിലുകളില്‍ ഞാന്‍ തക്ലി തന്നെ എടുത്തതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചോദിക്കുമായിരിക്കും. നാമാദ്യം കണ്ടുപിടിച്ചതും അനേകം കാലങ്ങള്‍ അതിജീവിച്ചതുമായ കൈവേലകളിലൊന്നാണ് തക്ലി എന്നതാണ് കാരണം.”
    -Harijan, 11.06.1938

    K-TET റിസല്‍ട്ട് പ്രസിദ്ധീകരിച്ചു

    സംസ്ഥാനത്ത് ആദ്യമായി നടന്ന അധ്യാപകയോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എല്‍.പി.വിഭാഗത്തില്‍ പരീക്ഷയെഴുതിയ 41610 പേരില്‍ 3946 പേരും ( 9.48%) യു.പി.വിഭാഗത്തില്‍ പരീക്ഷയെഴുതിയ 58375 പേരില്‍ 2447 പേരും (4.19%) ഹൈസ്കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 50662 പേരില്‍ 1607 പേരും (3.17%) വിജയിച്ചു.
    80% ല്‍ ഏറെ മാര്‍ക്ക് നേടിയ 3 പേര്‍ക്ക് ഇരുപതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും.
    വ്യക്തിഗത റിസ്ല്‍ട്ട് അറിയേണ്ടവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    Tuesday 2 October 2012

    ഗാന്ധിക്വിസ് - ഉത്തരങ്ങളും വിജയികളും

    ഗാന്ധിക്വിസില്‍ ധാരാളം പേര്‍ താത്പര്യപൂര്‍വം പങ്കെടുത്തു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

    ശരിയുത്തരങ്ങള്‍
    1. ഗാന്ധിജി ജനിച്ചത് എപ്പോള്‍ ?              
                 - 1869 ഒക്റ്റോബര്‍ 2
      
        2.  ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ആര് ?        

                  - ഗോപാലകൃഷ്ണ ഗോഖലെ

        3.  ഉപ്പ് സത്യഗ്രഹത്തിലൂടെ പ്രശസ്തമായ ദണ്ഡി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?                                                                 
                  - ഗുജറാത്ത്

         4. " നയീ താലിം " എന്നത് ഗാന്ധിജി ഏത് രംഗത്ത് നടത്തിയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?                                                     
                  -വിദ്യാഭ്യാസം

          5. I believe that Gandhi's views were the most enlightened of all the political  men in our time' എന്ന് അഭിപ്രായപ്പെട്ടതാര് ?
                                                                                                  
                   -ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍  

    മൂന്നു പേര്‍ക്കാണ് എല്ലാ ഉത്തരവും ശരിയായത്. അവരുടെ പേരുവിവരം ചുവടെ ചേര്‍ക്കുന്നു.
    • കരുണാകര കെ. , യു.ഡി.ക്ലര്‍ക്ക്, കാസര്‍ഗോഡ് ഡി.ഇ.ഒ. ഓഫീസ്
    • ജ്യോതിക കെ. , ലക്ഷ്മി ഭവന്‍ , ചെറുവത്തൂര്‍
    • ലാവണ്യ , തൃക്കരിപ്പൂര്‍
    വിജയികള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍...
     
       ഒക്റ്റോബര്‍ 10 ന് യു. എന്‍. ക്വിസിന്റെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കും. 
    പങ്കെടുക്കാന്‍ തയ്യാറെടുക്കുമല്ലോ.