ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Sunday 31 August 2014

SRG കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം സമാപിച്ചു.


       സാക്ഷരം, BLEND എന്നീ പദ്ധതികളുടെ അവലോകനവും തുടര്‍പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലയിലെ എല്ലാ സബ്‌ജില്ലകളിലും എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം നടന്നു. ഡയറ്റിന്റെ നേതൃത്വത്തില്‍ ആഗസ്ത് 30 നു നടന്ന SRG കണ്വീനര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ സബ്‌ജില്ല ചാര്‍ജ്ജുള്ള ഡയറ്റ് ഫാക്കല്‍റ്റി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ഐടിസ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.  

      ചിറ്റാരിക്കല്‍ ഉപജില്ലയില്‍ സെന്റ് തോമസ് ഹൈസ്ക്കൂളിലാണ് എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം നടന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സി ജാനകി പരിശീലനത്തിനെത്തിയവരെ സ്വാഗതം ചെയ്തു സംസാരിച്ചു . സെന്റ് തോമസ് ഹൈസ്ക്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി ശാന്തമ്മ ജോസഫ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കല്‍ സബ്ജില്ലയുടെ ചാര്‍ജ്ജുള്ള ഡയറ്റ് ഫാക്കല്‍റ്റി കെ.വിനോദ് കുമാര്‍, ചിറ്റാരിക്കല്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ സണ്ണി പികെ, ഐടി സ്ക്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ സ്രീ ബാബു എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ചായ്യോത്ത് ഹൈസ്ക്കൂളിലെ എസ്ആര്‍ജി കണ്‍വീനര്‍ ശ്രീസിവിക്കുട്ടി വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.

Monday 25 August 2014

മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം

'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി. ഓരോ ഉപജില്ലയിലും എല്‍ പി, യു പി ബ്ലോഗുകള്‍ക്കും വിദ്യാഭ്യാസജില്ലയില്‍ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്കും പുരസ്കാരം നല്‍കും. റവന്യൂ ജില്ലാ തലത്തില്‍ മികച്ച എല്‍ പി, യു പി, ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്ക് സമ്മാനം നല്‍കും. സപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തിലെ മികവാണ് വിലയിരുത്തലിനായി പരിഗണിക്കുക. ഇതിനായി മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ഐ ടി @ സ്കൂളിനെ ചുതലപ്പെടുത്തി. വിവിധ തലങ്ങളായി എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ എന്നിവരുടെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണയ സമിതികള്‍ ഇതിനായി രൂപീകരിക്കും. അര്‍ എം എസ് എ, എസ് എസ് എ, ഡയറ്റ്, ഐ ടി @ സ്കൂള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അതത് തലങ്ങളില്‍ കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും.

Friday 22 August 2014

BLEND-അവസാനഘട്ടം പരിശീലനം ആരംഭിച്ചു

Blog For Dynamic Educational Network (BLEND) പദ്ധതിയുമായി ബന്ധപ്പെട്ട് അവസാന ഘട്ട പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ആഗസ്ത് 22, 23 എന്നീ തീയ്യതികളില്‍ നടക്കുന്ന പരിശീലന പരിപാടിയോടെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് രൂപപ്പെട്ടു കഴിയും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ. സി.രാഘവന്‍, ‍ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി കൃഷ്ണകുമാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, വിദ്യാഭ്യാസ ആഫീസര്‍മാര്‍ എന്നിവര്‍ പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
BLEND പരിശീലനവുമായി ബന്ധപ്പെട്ട് ജിഎച്ച്എസ്എസ് പിലിക്കോട്  കേന്ദ്രത്തില്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ.വിനോദ് കുമാര്‍, സെന്റര്‍ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രസന്നകുമാരി എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍...


Tuesday 19 August 2014

ഡയറ്റ് കലോത്സവം-2014-15







കാസറഗോഡ് ഡയറ്റിലെ ഈ വര്‍ഷത്തെ ഡിഎഡ് വിദ്യാര്‍ത്ഥികളുടെ കലാത്സവം അരങ്ങേറി. രാവിലെ ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളുടെയും ടീച്ചര്‍ എഡ്യൂക്കേറ്റര്‍മാരുടെയും അധ്യാപകവിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ സീനിയര്‍ ലക്ചറര്‍ ശ്രീ ടി. സുരേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഡയറ്റ്തലത്തില്‍ വിജയിക്കുന്നവര്‍ ആഗസ്ത് 23ന് നായന്‍മാര്‍ മൂല ടിടിഐ യില്‍ വച്ചു നടക്കുന്ന ജില്ലാ കലോത്സവത്തില്‍ കാസറഗോഡ് ഡയറ്റിനെ പ്രതിനിധീകരിക്കും.


ഏകലവ്യശില്പം ഒരുങ്ങുന്നു



ഇദംപ്രഥമമായി ഏകലവ്യന് ശില്പം ഒരുങ്ങുന്നു. കാസറഗോഡ് ഡയറ്റിന്റെ മുറ്റത്താണ് വിദ്യാഭ്യാസ ചരിത്രത്തിലെ അനശ്വര കഥാപാത്രത്തിന് ശില്പഭാഷ്യം തീര്‍ക്കുന്നത്. അടിമച്ചമര്‍ത്തപ്പെട്ടവന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന്റെ ചരിത്രസാക്ഷിയായ ഏകലവ്യന് ഇതുവരെ ശില്പരൂപം രചിക്കപ്പെട്ടിരുന്നില്ലെന്ന് ശില്പി ശ്രീ സുരേന്ദ്രന്‍ കൂക്കാനം പറഞ്ഞു. വിദ്യാഭ്യാസ – പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ചിത്രശില്പ മേഖലയെ പ്രയോജനപ്പെടുത്തി വരുന്ന പ്രശസ്ത കലാകാരനാണ് ശ്രീ സുരേന്ദ്രന്‍ കൂക്കാനം.

Sunday 17 August 2014

നാടന്‍വിഭവങ്ങളുടെ പ്രദര്‍ശനം

കര്‍ക്കടകമാസത്തില്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന നാടന്‍വിഭവങ്ങളുടെ സവിശേഷമായ ഒരു പ്രദര്‍ശനത്തിന് 2014 ഓഗസ്റ്റ് 13 ന് ഡയറ്റിലെ ഓഡിറ്റോറിയം വേദിയായി. ഡയറ്റിലെ രണ്ടാംവര്‍ഷ കന്നട ഡി എഡ് വിദ്യാര്‍ഥികളാണ് പുതുമയേറിയ ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രദര്‍ശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ യതീഷ് റായ് നിര്‍വഹിച്ചു. ഡയറ്റ് ലക്ചറര്‍ കെ രമേശന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബി ആര്‍ സി ട്രെയിനര്‍ വിജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് ഗിരീഷ്, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. രഘുറാം ഭട്ട്, ​എം പി സുബ്രഹ്മണ്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടീച്ചര്‍ ട്രെയിനര്‍മാരായ കൃഷ്ണകാറന്ത്, നാരായണ ദേലമ്പാടി, ശശിധര എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മുഖ്യാതിഥികളും ട്രെയിനികളും അപൂര്‍വവിഭവങ്ങള്‍ ആസ്വദിച്ചു.















      Please CLICK here for the report in Kannada

Saturday 16 August 2014

ബ്ലെന്റ് അവസാനബാച്ച് - ആഗസ്റ്റ് 22, 23 ന്

ജില്ലയിലെ സ്കൂള്‍ ബ്ലോഗുകളുടെ നിര്‍മാണം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. ഈ പരിശീലനപദ്ധതി വിജയിപ്പിക്കാന്‍ സഹകരിച്ച മുഴുവന്‍ പേരോടും ഡയറ്റിന് നന്ദിയുണ്ട്. ഇക്കഴിഞ്ഞ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല റിവ്യൂ യോഗത്തില്‍ ബ്ലെന്റിന്റെ പ്രവര്‍ത്തനപുരോഗതി സൂക്ഷ്മമായി വിലയിരുത്തുകയും ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുകയുണ്ടായി. അവ എല്ലാവരുടെയും അറിവിലേക്കായി താഴെ ചേര്‍ക്കുന്നു.


1. ഓഫീസ് ബ്ലോഗുകള്‍  മെച്ചപ്പെടുത്തല്‍

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കും ബ്ലോഗ് നിലവില്‍ വന്നിട്ടുണ്ട്. ഇവയുടെ ഗുണനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്താന്‍ ആഗസ്റ്റ് 30 ന് ഐ ടി @ സ്കൂളില്‍ വെച്ച് ഒരു  ഏകദിന പരിശീലനം നടത്തുന്നു. അതില്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും അതത് ഓഫീസുകളില്‍ ബ്ലോഗ് പരിശീലനം ലഭിച്ച ജീവനക്കാരനും പങ്കെടുക്കണം. 


2. സ്കൂള്‍ ബ്ലോഗുകള്‍ മെച്ചപ്പെടുത്തല്‍

ഇതുവരെയും പരിശീലനത്തില്‍ പങ്കെടുക്കാത്തവരുടെ ഒരു പരിശീലന പരിപാടി ആഗസ്റ്റ് 14 ന് ഐ ടി @ സ്കൂളില്‍ വെച്ച് നടക്കുകയുണ്ടായി. ഈ പരിശീലനത്തോടെ ജില്ലയിലെ മുഴുവന്‍ എല്‍ പി, യു പി, എച്ച് എസ്, ടി ടി ഐ കള്‍ക്കും ബ്ലോഗ് നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇവര്‍ ഉള്‍പ്പെടെ സ്കൂള്‍, ടി ടി ഐ ബ്ലോഗുകള്‍ മെച്ചപ്പെടുത്താന്‍ കുറച്ച് സ്ഥാപനങ്ങള്‍ ബാക്കിയുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്കെല്ലാം കൂടി ഒരു ദ്വിദ്വിന പരിശീലനം ആഗസ്റ്റ് 22, 23 ന് നടക്കും. ഇതില്‍ പങ്കെടുക്കേണ്ടവര്‍ :
1. ജൂലൈ 18, 19 തീയതികളില്‍ നടന്ന ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്തവര്‍
2. ജൂലൈ 31, ആഗസ്റ്റ് 1 തീയതികളില്‍ നടന്ന രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാതിരുന്നവര്‍
3. ആഗസ്റ്റ് 14 നു നടന്ന ഏകദിന പരിശീലനം മാത്രം കിട്ടിയവര്‍
4. ജില്ലയിലെ മൂന്ന് അംഗീകൃത ടി ടി ഐ കളുടെ പ്രതിനിധികള്‍

(ഇതു കൂടാതെ മഴ കാരണം ആഗസ്റ്റ് 1 ന് എത്തിച്ചേരാത്തവര്‍ ആഗസ്റ്റ് 23 ന് പങ്കെടുത്ത് ഒരു ദിവസത്തെ കുറവ് നിര്‍ബന്ധമായും നികത്തേണ്ടതുമാണ്.)
സ്കൂള്‍ / ടി ടി ഐ ബ്ലോഗുകള്‍ മെച്ചപ്പെടുത്താന്‍ ഇനി ഒരു അവസരം ലഭിക്കില്ല എന്നതിനാല്‍ മുഴുവന്‍ സ്ഥാപനങ്ങളും ഈ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഡി ഡി ഇ യുടെ അദ്ധ്യക്ഷതയില്‍ നടന്ന  ജില്ലാതല റിവ്യൂ യോഗത്തില്‍ തീരുമാനമെടുക്കുകയുണ്ടായി.


സ്കൂളുകള്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ :
  •  ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകന്‍ തന്നെ രണ്ടാം ഘട്ടത്തിലും പങ്കെടുക്കണം
  • ബേക്കല്‍, കുമ്പള, കാസര്‍ഗോഡ് ഉപജില്ലകളിലെ ജൂലൈ 31, ആഗസ്റ്റ് 1 തീയതികളില്‍ നടന്ന രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാതിരുന്നവര്‍ ഐ ടി @ സ്കൂള്‍ കാസര്‍ഗോഡ് ജില്ലാ കേന്ദ്രത്തിലാണ് പങ്കെടുക്കേണ്ടത്.
  • മറ്റുള്ളവര്‍ അതത് സബ് ജില്ലയില്‍ ഉള്ള കേന്ദ്രങ്ങളിലാണ് പങ്കെടുക്കേണ്ടത്. പരിശീലനകേന്ദ്രം സംബന്ധിച്ച് സംശയമുള്ളവര്‍ ബന്ധപ്പെട്ട ഉപജില്ലയുടെ ചാര്‍ജുള്ള ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനറെ ബന്ധപ്പെടേണ്ടതാണ്.
  • പരിശീലനത്തിനു വരുമ്പോള്‍ LAPTOP, ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോകള്‍, കുട്ടികളുടെ രചനകള്‍ തുടങ്ങിയവ കൊണ്ടുവരേണ്ടതാണ്.



Tuesday 12 August 2014

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടാവുമല്ലോ. എല്‍ പി, യു പി ക്ലാസില്‍ ഉപയോഗിക്കാവുന്ന ലഘുവായ ഒരു പവര്‍പോയിന്റ് ക്വിസിന്റെ ചോദ്യങ്ങള്‍ നല്‍കുന്നു. ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി ഉപയോഗിക്കുകയോ ഇതിലും മെച്ചപ്പെട്ടത് സ്വന്തമായി സ്കൂളില്‍ തയ്യാറാക്കുകയോ ചെയ്യുമല്ലോ.
ക്വിസ് ചോദ്യങ്ങള്‍
ക്ലാസെടുക്കാന്‍ ഉപയോഗിക്കാവുന്ന പവര്‍ പോയിന്റിന്റെ മാതൃകയ്ക്ക് 'സ്കൂള്‍ സഹായി' എന്ന പേജ് നോക്കുക

Friday 8 August 2014

സാക്ഷരം വര്‍ക്ക് ഷീറ്റ്

സാക്ഷരം 2014 ന്റെ ഭാഗമായി കുട്ടികള്‍ ഉപയോഗിക്കുന്ന വര്‍ക്ക് ഷീറ്റ് ഡയറ്റിന്റെ ബ്ലോഗില്‍ നിന്നും താഴെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

രംഗോളി ആസ്വദിക്കാം

കലാപഠനത്തിന്റെ  ഭാഗമായി രണ്ടാംവര്‍ഷ കന്നട ഡി എഡ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ രംഗോളി ദൃശ്യങ്ങളില്‍ ചിലത് ....





ടി ടി ഐ പരിശീലനം തുടങ്ങി

ജില്ലയിലെ ടി ടി ഐ കളിലെ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ ആദ്യസ്പെല്‍ ഐ ടി @ സ്കൂളില്‍ ആരംഭിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കരിക്കുലം മാറിയ സാഹചര്യത്തില്‍ മുഴുവന്‍ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യാനും ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ബ്ലെന്റ് പദ്ധതി ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ ടി ടി ഐ കള്‍ക്കും ബ്ലോഗ് നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നായന്‍മാര്‍മൂല ‍ടി ടി ഐ പ്രിന്‍സിപ്പല്‍ ഡോ. ഇ വി കുഞ്ഞിരാമന്‍ ആശംസകള്‍ നേര്‍ന്നു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ടി സുരേഷ് നന്ദിയും പറഞ്ഞു.





Thursday 7 August 2014

ജില്ലാ വിദ്യാഭ്യാസ സമിതി

ജില്ലാ വിദ്യാഭ്യാസ സമിതി യോഗം 7.8.14 ന് ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ റിവ്യൂ ചെയ്യുകയും ഭാവിപ്രവര്‍ത്തന നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു.
സ്കൂള്‍ തലം തൊട്ട് ജില്ലാ തലം വരെയുള്ള സംഘടനാസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും മോണിറ്ററിങ്ങ് ഫലപ്രദമാക്കാനും തീരുമാനിച്ചു. രണ്ടാംഘട്ടത്തില്‍ എല്‍ എസ് എസ്, യു എസ് എസ് വിജയശതമാനം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ഡയറ്റിന്റെ നേതൃത്വത്തില്‍ 30 വിദ്യാലയങ്ങള്ല‍ നടന്നു വരുന്ന ട്രൈഔട്ട് ഗണിതം പോലുള്ള പുതിയ മേഖലകള്‍ ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനും നിര്‍ദേശമുയര്‍ന്നു. നിര്‍വഹണത്തില്‍ വന്ന ചില പോരായ്മകള്‍ ഒഴിച്ചാല്‍ സാക്ഷരം - 2014, BLEND, STEPS എന്നീ പദ്ധതികള്‍ വളരെ പ്രയോജനപ്രദമാണെന്ന് യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത, ഡി ഡി ഇ രാഘവന്‍ സി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഡി ഇ ഒ മാരായ സൗമിനി കല്ലത്ത്, സദാശിവ നായിക്ക്,  ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, വിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ അഗസ്റ്റിന്‍ ബര്‍ണാഡ്, കെ ശങ്കരന്‍, എ ഇ ഒ മാര്‍, അധ്യാപകസംഘടനാ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.


Tuesday 5 August 2014

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് കര്‍മപദ്ധതി

പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ച് ജില്ലാ വിദ്യാഭ്യാസസമിതി രൂപം കൊടുത്ത സമഗ്രപദ്ധതിക്ക് ജില്ലയിലെങ്ങും തുടക്കം കുറിച്ചതായി സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അറിയിച്ചു, കാസര്‍ഗോഡ് പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'സാക്ഷരം 2014', 'ബ്ലെന്റ്', 'സ്റ്റെപ്സ്' എന്നീ പദ്ധതികളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നതെന്ന് അവര്‍ അറിയിച്ചു. സാക്ഷരം പദ്ധതിയുടെ ഭാഗമായി പിറകില്‍ നില്‍ക്കുന്ന 14496 കുട്ടികള്‍ക്കുള്ള പ്രത്യേകക്ലാസുകള്‍ ആഗസ്റ്റ് 6 ന് തുടങ്ങുമെന്ന് ഡി ഡി ഇ രാഘവന്‍ അറിയിച്ചു.
ജില്ലയില്‍ 96% സ്കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍ വന്നെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അറിയിച്ചു. പത്താം ക്ലാസുകാരെ സംബന്ധിച്ച ഗൃഹസര്‍വെയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്കൂള്‍തല കര്‍മപരിപായി ആഗസ്റ്റ് 13 നു നടക്കുന്ന പ്രത്യേക പി ടി എ യോഗത്തില്‍ സ്കൂളുകളില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഐ ടി അറ്റ് സ്കൂള്‍ വിദ്യാഭ്യാസജില്ലാ കോര്‍ഡിനേറ്റര്‍ കെ ശങ്കരന്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, എം വി ഗംഗാധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.


Monday 4 August 2014

സാക്ഷരം പദ്ധതി ഉദ്ഘാടനം

       3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി നിര്‍വഹിച്ചു. ജി യു പി എസ് കാസര്‍ഗോഡ് അനക്സില്‍ നടന്ന ചടങ്ങില്‍ ഡി ഡി ഇ രാഘവന്‍ സി അധ്യക്ഷനായിരുന്നു. അടിസ്ഥാനഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള ഈ പദ്ധതി വിജയത്തിലെത്തിക്കാന്‍ അധ്യാപകമൂഹത്തിന്റെ ആത്മാര്‍ഥമായ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു. 
      ഡയറ്റ് മുന്‍വര്‍ഷം നടത്തിയ ട്രൈ ഔട്ട് പദ്ധതിയുടെ വിജയമാണ് ഈ പദ്ധതി ജില്ലയില്‍ നടപ്പിലാക്കാനുള്ള കരുത്ത് നമുക്ക് നല്‍കുന്നതെന്ന് ഡി ഡി ഇ പറഞ്ഞു. പ്രസ്തുത പദ്ധതിയിലൂടെ അടിസ്ഥാന ഭാഷാശേഷി ഇല്ലാത്ത കുട്ടികളുടെ എണ്ണം പദ്ധതി നടന്ന വിദ്യാലയങ്ങളില്‍ വെറും 3% ആയി കുറക്കാന്‍ കഴിഞ്ഞിരുന്നു. ഇത് ഇതരവിദ്യാലയങ്ങള്‍ക്കും നേടിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു.
തുടര്‍ന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ സംസാരിച്ചു. പ്രീ ടെസ്റ്റിലൂടെ പിന്നാക്കക്കാരെന്ന് കണ്ടെത്തിയ കുട്ടികളുടെ എണ്ണം 14496 ആണെന്നും ഇത് മൊത്തം കുട്ടികളുടെ 20% ല്‍ താഴെയേ വരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
      ചടങ്ങില്‍ കാസര്‍ഗോഡ് എ ഇ ഒ രവീന്ദ്രറാവു, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍, കാസര്‍ഗോഡ് ഉപജില്ല എച്ച് എം ഫോറം കണ്‍വീനര്‍ മധു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. എം ബാലന്‍ സ്വാഗതവും ഡയറ്റ് ലക്ചറര്‍ രാമചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. 
       പദ്ധതിക്കാവശ്യമായ കൈപ്പുസ്തകം ഡയറ്റും വര്‍ക്ക് ഷീറ്റുകള്‍ എസ് എസ് എ യുമാണ് അച്ചടിച്ച് നല്‍കുന്നത്.