ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 28 December 2013

അനീസ മിണ്ടാന്‍ തുടങ്ങി...പരീക്ഷയ്ക്കിടയില്‍ യദു സംശയം ചോദിച്ചു...!


അനീസയ്ക്കും യദുവിനും ചിറകു കുരുത്തിരിക്കുന്നു.അവര്‍ക്കും ഇനി മറ്റുളളവര്‍ക്കൊപ്പം പറക്കാം.അതിന്റെ ആവേശത്തില്‍ അനീസ മിണ്ടാന്‍ തുടങ്ങി.അവള്‍ക്ക് ശബ്ദം തിരിച്ചു കിട്ടിയിരിക്കുന്നു.
ഇന്നലെ 'മുന്‍പേ പറക്കാം' ക്ലാസില്‍ അതു സംഭവിച്ചു.അനീസ ബോര്‍ഡിലെഴുതിയ വാക്യങ്ങള്‍ ഉറക്കെ വായിച്ചു.അവളുടെ ശബ്ദം കേട്ട് മറ്റുളളവര്‍ ഞെട്ടി.ഈ ഒച്ച ഇത്രനാള്‍ ഇവള്‍ എവിടെ ഒളിപ്പിച്ചു ?
"അനീസേ അധികം ഒച്ച വേണ്ട. ഓട് പാറും...”
രാഹുലിന്റേതാണ് കമന്റ്.
അതു കേട്ട് അനീസ ചിരിച്ചു.
അനീസ ആറാം ക്ലാസിലാണ്. അവളുടെ അടുത്തകൂട്ടുകാരികളോട് മാത്രം സംസാരിക്കും. കഷ്ടിച്ചു വായിക്കും. എഴുത്തില്‍ മുഴുവന്‍ അക്ഷരത്തെറ്റ്. മാഷ് എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും മിണ്ടില്ല. വെറുതെ എഴുന്നേറ്റു നില്‍ക്കും. അഥവാ ഉരിയാടിയാല്‍തന്നെ ആരും കേള്‍ക്കില്ല.
ആ അനീസ ഇപ്പോള്‍ ഉറക്കെ വായിക്കാന്‍ തുടങ്ങിയിരിക്കുന്നു......‌

യദു ഏഴാം ക്ലാസിലാണ്. എല്ലാ കാര്യങ്ങളിലും മിടുമിടുക്കന്‍. പഠനത്തിലൊഴികെ. യദുവിന് എഴുത്തും വായനയും പ്രയാസമാണ്. എന്നാല്‍ ഈ കഴിഞ്ഞ പരീക്ഷയ്ക്കിടയില്‍ അവന്‍ സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഏഴുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇങ്ങനെയെന്ന് ഗംഗാധരന്‍ മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു....

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മുന്‍പേ പറക്കാം പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ് ഈ രണ്ടു കുട്ടികളും. കാനത്തൂര്‍ യു പി സ്കൂളില്‍ ഇവരെ കൂടാതെ 16കുട്ടികള്‍ വേറെയുമുണ്ട്. രാവിലെ 9 മണിമുതലാണ് ക്ലാസ്. ഒരു മണിക്കൂര്‍. ക്ലാസ് കുട്ടികള്‍ക്ക് ആഹ്ലാദകരമായ അനുഭവമായി മാറുകയാണ്. കുട്ടികള്‍ അവരുടെ ആത്മവിശ്വാസം പതുക്കെ വീണ്ടെടുക്കുകയാണ്.....

Friday 20 December 2013

ബ്ലോഗ് നിര്‍മാണ ശില്പശാല തുടങ്ങി

'മുമ്പേ പറക്കാം' പദ്ധതി നടക്കുന്ന വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹവുമായി പങ്കിടാന്‍ ഉതകുന്ന സ്കൂള്‍ ബ്ലോഗുകള്‍ തയ്യാറാക്കുന്ന ശില്പശാലയ്ക്ക് തുടക്കമായി. ഐ ടി @ സ്കൂളിന്റെ സാങ്കേതികസഹായത്തോടെ നടക്കുന്ന പരിശീലനം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. മുമ്പേ പറന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയങ്ങള്‍ ഐ ടി മേഖലയിലും തങ്ങളുടെ മികവ് തെളിയിക്കുമെന്ന പ്രത്യാശ അദ്ദേഹം അധ്യാപകരുമായി പങ്കുവെച്ചു. ഈ ബ്ലോഗുകള്‍ വാര്‍ത്തകളും ലിങ്കുകളും മാത്രമായി അവശേഷിക്കരുതെന്നും കുട്ടികളുടെയും അധ്യാപകരുടെയും രചനകള്‍ക്കും ഇതു വേദിയാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. ഡയറ്റ് ലക്ചറര്‍ കെ വിനോദ്കുമാര്‍ സ്വാഗതമോതി. മാസ്റ്റര്‍ ട്രെയിനര്‍മാരായ നാരായണ ദേലമ്പാടി, ശങ്കരന്‍, അഗസ്റ്റിന്‍ ബര്‍ണാര്‍ഡ് എന്നിവര്‍ നേതൃത്വം നല്‍കി. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ പി ഭാസ്കരന്‍, ടി എം രാമനാഥന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.





Tuesday 17 December 2013

സ്മാര്‍ട്ട് @ 10 ശില്പശാലയ്ക്ക് തുടക്കമായി

ജില്ലാ പഞ്ചായത്തിന്റെ പ്രോജക്റ്റിന്റെ ഭാഗമായി ഡയറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്മാര്‍ട്ട് @ 10 ശില്പശാലയ്ക്ക് തുടക്കമായി. പത്താം ക്ലാസിലെ വിവിധ വിഷയങ്ങള്‍ ക്ലാസില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സാമഗ്രികള്‍ തയ്യാറാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷിന്റെ അധ്യക്ഷതയില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.





മലയാളം, കന്നഡ, അറബിക്, ഉറുദു, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിലെ വിദഗ്ധരായ അധ്യാപകരും ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരും ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളും ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.

Monday 9 December 2013

ലേസര്‍ കന്നഡയിലേക്ക്

ഐ ടി അധിഷ്ഠിത പഠനത്തിന് മാതൃക സൃഷ്ടിച്ചുകൊണ്ട് ഡയറ്റ് നടപ്പിലാക്കി വരുന്ന ലേസര്‍ പദ്ധതി കന്നഡ മീഡിയത്തിലും നടപ്പിലാക്കുന്ന പദ്ധതിക്കു തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് ഐ ടി @ സ്കൂളില്‍ നടന്ന പരിശീലനം ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിനകം തന്നെ ഡിപ്പാര്‍ട്ട്മെന്റിന്റെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ലേസര്‍ പദ്ധതി കന്നടയിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത് ഉചിതമായെന്ന് അദ്ദേഹം പറഞ്ഞു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
ഡയറ്റ് ലക്ചറര്‍ ഡോ. രഘുറാം ഭട്ട് പദ്ധതി വിശദീകരിച്ചു. ടീച്ചര്‍ എജുക്കേറ്റര്‍ ശശിധര ഡി വി ഡി പരിചയപ്പെടുത്തി. നേരത്തെ കന്നട ടീച്ചര്‍ എജുക്കേഷന്‍ ഹെഡ് എസ് എന്‍ റാവു സ്വാഗതമോതി. പത്ത് ടൈ ഔട്ട് സ്കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു.
അധ്യാപകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ ഡി വി ഡി യില്‍ വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, നാരായണ എന്നിവര്‍ നേതൃത്വം നല്‍കി