ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday 30 August 2012

ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍


അറിവും കഴിവുകളും മൂല്യബോധവുമുള്ള പുതിയ ഒരു തലമുറയെ രൂപപ്പെടുത്തിക്കൊണ്ട് രാജ്യസേവനത്തിന്റെ പാതയിലൂടെ തളരാതെ മുന്നോട്ടു പോകുന്ന അധ്യാപകസമൂഹത്തെ ആദരിക്കുവാനാണ് രാജ്യമെമ്പാടും ദേശീയ അധ്യാപകദിനം ആചരിച്ചുവരുന്നത്. നമ്മുടെ രാഷ്ട്രപതിമാരില്‍ ഒരാളും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിച്ചുവരുന്നത്.

1888 സപ്റ്റംബര്‍ 5 ന് ആണ് തമിഴ്നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തില്‍ അദ്ദ്യേഹം ജനിച്ചത്. പിതാവിന്റെ പേര് വീരസ്വാമി. മാതാവിന്റെ പേര് സീതമ്മ.

മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍നിന്നും ഫിലോസഫിയില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദ്യേഹം 1909 ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. ചെറിയകാലം കൊണ്ടുതന്നെ മികച്ച അധ്യാപകനെന്ന പേരു സമ്പാദിച്ച രാധാകൃഷ്ണനെ 1918 ല്‍ മൈസൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്ഥാനം തേടിയെത്തി.

1921 ല്‍ പ്രശസ്തമായ കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്നും വന്ന ക്ഷണം അദ്ദ്യേഹം സ്വീകരിച്ചു. 1926 ല്‍ വിശ്വപ്രസിദ്ധമായ ഓക്സ്ഫോര്‍ഡില്‍ അദ്ധ്യാപകനായി മാറിയതോടെ ഭാരതത്തിന്റെ പെരുമ അദ്ദ്യേഹത്തിലൂടെ ലോകത്തിന്റെ നാനാഭാഗത്തുമെത്തി.

എന്നാല്‍ തന്റെ ജന്മനാട്ടില്‍ ഒരു പുതിയ സര്‍വകലാശാല രൂപംകൊണ്ടപ്പോള്‍ അതിന്റെ വൈസ്ചാന്‍സറാലാകണം എന്ന ആവശ്യത്തെ മുന്‍നിര്‍ത്തി ഡോ.രാധാകൃഷ്ണന്‍ സ്വദേശത്തേക്ക് മടങ്ങി. അങ്ങനെ ആന്ധ്രസര്‍കലാശാലയുടെ ആദ്യവൈസ്ചാന്‍സലറായി മാറിക്കൊണ്ട് തന്റെ അറിവും കഴിവും രാജ്യത്തിനായി വിനിയോഗിക്കാന്‍ അദ്ദ്യേഹം ശ്രമിച്ചു.
ഇടയ്ക്ക് ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഓക്സ്ഫോര്‍ഡിലേക്ക് തിരിച്ചുപോയെങ്കിലും മദന്‍മോഹന്‍ മാളവ്യയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് 1939 ല്‍ ബനാറസ് സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ ചുമതലയേറ്റ അദ്ദേഹം രാജ്യസേവനത്തിന്റെ പാതയില്‍ വീണ്ടും കര്‍മനിരതനായി.

1946 ല്‍ യുണസ്കോയിലേക്ക് രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു ഉന്നതതലസംഘം പോയപ്പോള്‍ അതിന്റെ തേതൃസ്ഥാനത്ത് ഡോ.രാധാകൃഷ്ണനായിരുന്നു ഉണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം അല്പകാലം സോവിയറ്റ് യൂണിയനിലെ അമ്പാസിഡര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചു.

1952 മുതല്‍ ആദ്യത്തെ ഉപരാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്‍ 1962 ല്‍ രാഷ്ട്രപതിയായും തെരഞ്ഞെടുക്കപ്പെട്ടു.

1954 ല്‍ രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' നല്‍കി രാഷ്ട്രം അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചു.

തീര്‍ച്ചയായും ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണനിലൂടെ ആദരിക്കപ്പെട്ടത് സമര്‍പ്പിതചിത്തനായ ഒരധ്യാപകനായിരുന്നു. അദ്ദ്യേഹത്തിന്റെ ജന്മദിനത്തെ അധ്യാപകദിനമായി തെരഞ്ഞെടുത്തതിലൂടെ രാജ്യം മഹത്തായ ഒരു സന്ദേശമാണ് അധ്യാപകലോകത്തിനു നല്‍കിയത് എന്നതില്‍ സംശയമില്ല. സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം തന്റെ വിദ്യാര്‍ഥികളുടെയും അതുവഴി രാജ്യത്തിന്റെയും നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരെയാണ് അധ്യാപക അവാര്‍ഡ് നല്‍കി ഈ സുദിനത്തില്‍ നാം ആദരിക്കുന്നത്.


No comments:

Post a Comment